കാണാതായ സഹോദരിമാർ വനത്തിനുള്ളിൽ മരിച്ച നിലയിൽ

അസം കൊക്റാഝർ ജില്ലയിലെ അഭയകുടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് സഹോദരിമാരുടെ മൃതദേഹം കണ്ടെത്തുന്നത്. പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
പെൺകുട്ടികൾ സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ സംശയിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളുവെന്ന് പൊലീസ് അറിയിച്ചു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഝാർഖണ്ഡില്‍ നിന്നും സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കാണാതായ പെൺകുട്ടിയെ രണ്ട് ദിവസങ്ങൾക്ക് ശേഷം വനത്തിലെ ഒരു മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.