ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: നാല് പ്രതികൾക്കും മുൻകൂർ ജാമ്യം

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ നാല് പ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആർ.ബി. ശ്രീകുമാർ, എസ്. വിജയൻ, തമ്പി. എസ്. ദുർഗാദത്ത്, എസ്. ജയപ്രകാശ് എന്നിവർക്കാണ് ജാമ്യം. നാലുപേരും അന്വേഷണവുമായി സഹകരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. അന്വേഷണത്തിൻ്റെ ഭാഗമായി അറസ്റ്റ് രേഖപ്പെടുത്തിയാലും അന്നുതന്നെ വിട്ടയയ്ക്കണമെന്ന് നിർദ്ദേശമുണ്ട്.
എസ്. വിജയൻ തമ്പി, എസ്. ദുർഗാഗത്ത്, സിബി മാത്യൂസ്, ആർ.ബി. ശ്രീകുമാർ എന്നിവർക്കെതിരെ നമ്പി നാരായണനടക്കമുള്ള സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുത്തി സി.ബി.ഐ. നേരത്തെ കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിലുള്ളതെന്നും രാജ്യത്തിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എന്‍ജിന്റെ വികസനം 20 വർഷത്തോളം തടസപ്പെട്ടതായും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.
ക്രയോജനിക് സാങ്കേതിക വിദ്യ തടസ്സപ്പെടുത്തിയതിന്റെ ഗൂഢാലോചനയിൽ ശ്രീകുമാർ പങ്കാളിയായെന്ന് സി.ബി.ഐ. കോടതിയിൽ വാദിച്ചു. ഇതോടെ മറ്റു പ്രതികളുടെ ഹർജികൾ കേൾക്കുന്നത് വരെ അറസ്റ്റ് ചെയ്യില്ല എന്ന് ഉറപ്പു നൽകാൻ കഴിയുമോയെന്ന് കോടതി ആരാഞ്ഞു. അറസ്റ്റുണ്ടാവില്ലെന്ന ഉറപ്പ് നൽകാനാവില്ലെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതോടെ തിങ്കളാഴ്ച വരെ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു.നേരത്തെ കേസിലെ ഒന്നാം പ്രതി എസ്. വിജയൻ, രണ്ടാം പ്രതി തമ്പി എസ്. ദുർഗാദത്ത്, പതിനൊന്നാം പ്രതി ജയപ്രകാശ് എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ ജാമ്യത്തിൽ വിടണമെന്നും രണ്ടാഴ്ചത്തേയ്ക്ക് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.