ട്രെയിനിൽ യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ പ്രതി ബാബുക്കുട്ടനുമായി അന്വേഷണ സംഘം തെളിവെടുപ്പു തുടങ്ങി

ട്രെയിനിൽ യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ പ്രതി ബാബുക്കുട്ടനുമായി അന്വേഷണ സംഘം തെളിവെടുപ്പു തുടങ്ങി.സംഭവം നടന്ന ട്രെയിനിലെ ഡി9 കോച്ചിലും സ്വർണം പണയം വയ്ക്കാൻ ശ്രമിച്ച കരുനാഗപ്പള്ളിയിലെ സ്ഥാപനത്തിലും ഇന്നലെ തെളിവെടുത്തു.
ഡി10 കോച്ചിൽ യാത്ര ചെയ്തിരുന്ന പ്രതി മുളന്തുരുത്തി സ്റ്റേഷനിൽ ഇറങ്ങി മറ്റു കോച്ചുകൾ നിരീക്ഷിച്ച ശേഷം യുവതി ഒറ്റയ്ക്കാണെന്നറിഞ്ഞു ഡി9 കോച്ചിലേക്കു മാറിക്കയറുകയായിരുന്നു. 6 വാതിലുകളുള്ള കോച്ചിന്റെ മുൻവശത്തെ വാതിലിലൂടെ കയറിയ ബാബുക്കുട്ടൻ എല്ലാ വാതിലുകളും അടച്ചു. മുടിയിൽ പിടിച്ചു മാലപൊട്ടിച്ചെടുത്തു സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി വളയും ബാഗും കൈവശപ്പെടുത്തി. തുടർന്നു വീണ്ടും മുടിയിൽ പിടിച്ചു ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചുകൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ യുവതി കുതറിമാറി രക്ഷപ്പെടാനായി വാതിലിലെ പടിയിൽ ഇറങ്ങി കമ്പിയിൽ തൂങ്ങി നിന്നു.
തുടർന്നുള്ള ചെറുത്തു നിൽപ്പിനിടെയാണു യുവതി ട്രെയിനിൽ നിന്നു വീണത്. പിന്നീടു പ്രതി യുവതിയുടെ ബാഗിലുണ്ടായിരുന്ന പാത്രത്തിലെ ഭക്ഷണം കഴിച്ചു. ബാഗിൽ നിന്നു കണ്ണടയും പണവും എടുത്തു. ഈ കണ്ണട വച്ചായിരുന്നു തുടർന്നുള്ള യാത്ര.ഗുരുവായൂർ-പുനലൂർ എക്സ്പ്രസിൽ വച്ചായിരുന്നു ആശ ക്രൂരമായ ആക്രമണത്തിന് ഇരയായത്. കുറ്റകൃത്യത്തിനു ശേഷം ട്രെയിനിൽ യാത്ര തുടർന്ന ബാബുക്കുട്ടൻ ചെങ്ങന്നൂരിലെത്തിയപ്പോൾ പൊലീസ് പരിശോധിക്കുന്നതു കണ്ടു തൊട്ടടുത്ത സ്റ്റേഷനായ മാവേലിക്കരയിൽ ഇറങ്ങി കടന്നു കളഞ്ഞതായി വെളിപ്പെടുത്തി.