ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ, ഭർത്താവ് അറസ്റ്റിൽ

ഇടുക്കിയിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. അയ്യപ്പൻകോവിൽ മാട്ടുക്കട്ട അറഞ്ഞനാൽ അമൽ ബാബു(27)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 29നാണ് മുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ ധന്യയെ കണ്ടെത്തുന്നത്. ചേറ്റുകുഴി പടീശേരിൽ ജയപ്രകാശിന്റെ മകൾ ധന്യ (21) ആണ് മരിച്ചത്.
2019 നവംബർ 9ന് ആയിരുന്നു ധന്യയുടേയും അമലിന്റേയും വിവാഹം നടന്നത്. വിവാഹശേഷം അമൽ മർദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. മരിക്കുന്നതിന് തലേദിവസവും ധന്യ വീട്ടിൽ വിളിച്ച് അമൽ മർദിച്ചതായി പറഞ്ഞിരുന്നു. ധന്യയുടെ മരണത്തിന് പിന്നാലെ പിതാവ് ജയപ്രകാശ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് അമലിന്റെ മേൽ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ അമലിനെ പീരുമേട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.