ഫെയ്‌സ്ബുക്കിലൂടെ ഹണിട്രാപ്; കവര്‍ച്ച നടത്തിയ ദമ്ബതികള്‍ അറസ്റ്റില്‍

ആലപ്പുഴ: ഹണിട്രാപ് തട്ടിപ്പ് നടത്തി യുവാവിന്റെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന യുവതിയും ഭര്‍ത്താവും അറസ്റ്റില്‍.
ഫെയ്സ്ബുക്കിലൂടെ യുവാവിനെ വശീകരിച്ച് ലോഡ്ജ് മുറിയിയിലെത്തിച്ച് സ്വർണാഭരണങ്ങളും പണവും ദമ്പതികൾ കവരുകയായിരുന്നു. ചെങ്ങന്നൂർ മുളക്കുഴ സ്വദേശി രാഖി, ഭർത്താവ് പന്തളം കൂരമ്പാല സ്വദേശി രതീഷ് എസ്. നായർ എന്നിവരാണ് തമിഴ്നാട്ടിൽനിന്നു പിടിയിലായത്. ചേർത്തല കുത്തിയതോട് സ്വദേശിയായ യുവാവാണു തട്ടിപ്പിനിരയായത്.
ഒന്നര മാസം മുൻപാണ് ഫെയ്സ്ബുക്കിലൂടെ രാഖി യുവാവുമായി സൗഹൃദത്തിലാകുന്നത്. ശാരദ ബാബു എന്ന വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് ആണ് രാഖി ഉപയോഗിച്ചിരുന്നത്. ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയാണ് രാഖി. ഭർത്താവ് രതീഷ് എസ്. നായർ പന്തളം കൂരമ്പാല സ്വദേശിയുമാണ്. ചേർത്തല കുത്തിയതോട് സ്വദേശി വിവേകിനെ കബളിപ്പിച്ചാണ് അഞ്ചര പവന്റെ സ്വർണ്ണാഭരണങ്ങളും സ്മാർട്ട് ഫോണും ഇവർ അപഹരിച്ചത്.
രാഖി ഐടി മേഖലയിൽ ഉദ്യോഗസ്ഥയാണെന്നും സ്കൂളിൽ ഒരുമിച്ചു പഠിച്ചിരുന്നുവെന്നും വിശ്വസിപ്പിച്ചാണ് ഫെയ്സ്ബുക് സൗഹൃദത്തിന്റെ തുടക്കം. വ്യാഴാഴ്ച രാഖിയുടെ സുഹൃത്തിന്റെ വിവാഹം ചെങ്ങന്നൂരിൽ ഉണ്ടെന്നും ഇവിടെ എത്തിയാൽ സൗഹൃദം പുതുക്കാം എന്നു പറഞ്ഞാണ് വിവേകിനെ ക്ഷണിച്ചു വരുത്തിയത്. ബുധനാഴ്ച തന്നെ രാഖിയും രതീഷും ചെങ്ങന്നൂരിലെത്തി വെള്ളാവൂർ ജംക്‌ഷനിലുള്ള ലോഡ്ജിലും ആശുപത്രി ജംക്‌ഷനിലുള്ള മറ്റൊരു ലോഡ്ജിലും മുറികളെടുത്തു.
രാഖിയുടെ നിർദേശം അനുസരിച്ച് വ്യാഴാഴ്ച ഉച്ചയോടെ ചേർത്തലയിൽനിന്നും വിവേക് ലോഡ്ജിൽ എത്തി. ബിയറും ഭക്ഷണ സാധനങ്ങളും വാങ്ങിയാണ് വിവേക് എത്തിയത്. ശുചിമുറിയിൽ പോയി മടങ്ങി വന്നപ്പോൾ ഗ്ലാസിൽ ഒഴിച്ച ബിയറിൽനിന്ന് സാധാരണയിൽ കൂടുതൽ പത ഉയരുന്നതു കണ്ടു സംശയം തോന്നിയെങ്കിലും രാഖി നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു. മയക്കുമരുന്നു കലർത്തിയ ബിയർ കഴിച്ചതോടെ മയക്കത്തിലായ വിവേകിനെ രാത്രി 10 മണിയോടെ ഹോട്ടൽ ജീവനക്കാർ വിളിച്ചുണർത്തുകയായിരുന്നു.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ആര്‍.ജയദേവിന്റെ മേല്‍നോട്ടത്തില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.