മലപ്പുറത്ത് പെണ്‍കുട്ടിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി; ദുരൂഹത

മലപ്പുറം വളാഞ്ചേരിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വീടിന് സമീപത്ത് നിന്നും കണ്ടെത്തി. വളഞ്ചേരിയില്‍ കാണാതായ ചോറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തിന്റെ മൃതദേഹമാണിതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ മാസമാണ് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. സംഭവത്തില്‍ നാട്ടുകാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടികള്‍ക്കായുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് വീടിനു സമീപത്തെ ചെങ്കല്‍ കോറിക്ക് സമീപത്ത് നിന്ന് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. നാളെ ഫോറന്‍സിക്ക് വിദ്ഗദര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കും.
വെട്ടിച്ചിറയിലെ ഒരു സ്വകാര്യ ദന്താശുപത്രിയില്‍ സഹായി ആയി ജോലി ചെയ്യുകയായിരുന്നു സുബീറ. പെണ്‍കുട്ടിയെ കാണാതാവുന്നതിന് തൊട്ടു മുന്‍പ് ജോലി സ്ഥലത്തേക്ക് നടന്നു പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്നു തന്നെ പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടി വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലൊക്കേഷന്‍ വിട്ട് പോയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹാവശിഷ്ടം കണ്ടെത്തിയ സ്ഥലവുമായി ബന്ധപ്പെട്ട നാട്ടുകാരനായ യുവാവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.