ഐഎഎസ് ഓഫീസറായി ആള്‍മാറാട്ടം, വ്യാജ വാക്സിനേഷന്‍ ക്യാമ്പ് നടത്തിയ പ്രതി പിടിയില്‍

ഐഎഎസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി കോവിഡ് വാക്സിനേഷന് മേൽനോട്ടം വഹിച്ചയാള്‍ അറസ്റ്റില്‍. ദേബാഞ്ജന്‍ ദേവ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ദേബാഞ്ജന്‍ ദേവ് സംഘടിപ്പിച്ച വാക്സിനേഷന്‍ ക്യാമ്പിലേക്ക് തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ മിമി ചക്രബർത്തി മുഖ്യാതിഥിയായി എത്തിയും വാക്സിന്‍ സ്വീകരിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
വാക്സിൻ എടുത്ത ശേഷം ഫോണില്‍ സന്ദേശം ലഭിക്കാതിരുന്നപ്പോള്‍ മിമി ചക്രബർത്തി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് ദേബാഞ്ജന്‍ ദേവ് തന്നെ വാക്സിനേഷന്‍ ക്യാമ്പിലേക്ക് ക്ഷണിച്ചതെന്ന് മിമി ചക്രബര്‍ത്തി പറഞ്ഞു. ക്യാമ്പില്‍ നല്‍കിയത് ശരിക്കുള്ള വാക്സിനാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആ ക്യാമ്പിൽ 250ഓളം പേർക്ക് വാക്സിന്‍ നല്‍കി. പ്രതിയെ വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.