എഫ്ബിഐയുടെ ആഗോള സ്റ്റിംഗ് ഓപ്പറേഷനിൽ കുടുങ്ങിയത് എണ്ണൂറോളം പേർ

യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ നേതൃത്വത്തിൽ ആഗോളതലത്തിൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ 16 രാജ്യങ്ങളിൽ നിന്നായി എണ്ണൂറിലധികം പേർ കുടുങ്ങി. ലോകത്തെ ആസൂത്രിത കുറ്റകൃത്യങ്ങൾക്ക് കനത്ത തിരിച്ചടിയെന്നാണ് ഈ നീക്കത്തെ വിലയിരുത്തത്. എൻക്രിപ്റ്റഡ് ആപ്പ് വഴി കള്ളക്കടത്തും കൊലപാതകവും അടക്കം വിവിധ കുറ്റകൃത്യങ്ങൾ നടത്തി വന്നിരുന്നവരെയാണ് സമാനമായ മറ്റൊരു ആപ്പ് സൃഷ്ടിച്ച് എഫ്ബിഐ കുടുക്കിയത്.
'ട്രോജൻ ഷീൽഡ്' എന്ന പേരിലുള്ള ഓപ്പറേഷൻ വഴി വിവിധ രാജ്യങ്ങളിൽ നടത്തിയ പ്രത്യേക റെയ്ഡിൽ കൊക്കെയ്ൻ അടക്കം വൻ ലഹരിവസ്തു ശേഖരം, ആയുധങ്ങൾ, കോടിക്കണക്കിന് രൂപ, ആഢംബര വാഹനങ്ങൾ എന്നിവയും എഫ്ബിഐ പിടിച്ചെടുത്തിട്ടുണ്ട്. ആസ്ട്രേലിയയുടെയും യുഎസ് എഫ്ബിഐയുടെയും സംയുക്ത നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ നൂറ്റിയമ്പതോളം കൊലപാതകങ്ങളും തടയാൻ കഴിഞ്ഞെന്നും റിപ്പോർട്ടുണ്ട്. ഓസ്ട്രേലിയയിൽ നിന്നു മാത്രം 244 പേരാണ് പിടിയിലായത്.