ഇടുക്കിയിൽ മരംകടത്ത്, സിപിഐ നേതാവുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

ഇടുക്കി സിഎച്ച്ആര്‍ മേഖലയില്‍ മരംമുറിച്ച് കടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കുമളി വനംവകുപ്പ് കേസെടുത്തു. സിപിഐ നേതാവ് വിആര്‍ ശശി, സ്ഥലമുടമ മോഹനന്‍, മരംവെട്ടിയ സുധീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സെഷന്‍ ഫോറസ്റ്റ് ഓഫീസറാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കേസിലെ അന്വേഷണം തുടരാന്‍ തന്നെയാണ് വനംവകുപ്പിന്റെ തീരുമാനം.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളില്‍ നിന്ന് മരംവെട്ടുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നിരിക്കെ ചേരക്കാലി, കാട്ടുപത്രി തുടങ്ങിയ മരങ്ങള്‍ വെട്ടി കടത്തിയെന്നാണ് പരാതി. മുട്ടില്‍ മരംമുറി വിവാദത്തില്‍ സിപിഐ കടുത്ത പ്രതിരോധത്തിലായിരിക്കുന്ന പശ്ചാത്തലത്തില്‍ സിപിഐ നേതാവിനെതിരെ കേസ് എടുത്തിരിക്കുന്നത് പാര്‍ട്ടിക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതാകും.