10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, രണ്ടുപേർ അറസ്റ്റിൽ

പത്തു വയസ്സുകാരനെ തട്ടിക്കൊണ്ടുപോവുകയും 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിന് പിന്നാലെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവത്തിൽ ഛത്തീസ് ഗഢിലെ റായ്പുർ സ്വദേശികളായ മുഹമ്മദ് നൗഷാദ്, സിറാജ് എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോയത് മുഖ്യപ്രതിക്ക് വിവാഹത്തിന് പണം കണ്ടെത്തുന്നതിനാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അയൽവാസികൂടിയായ മുഖ്യപ്രതി ബിഹാർ സ്വദേശി മുഹമ്മദ് ജാവേദ് ഷെയ്ക്കാണ് തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്. ഇയാൾ ഒളിവിലാണ്.
ഈ മാസം മൂന്നിനാണ് ആസിഫിനെ ഹെബ്ബഗോഡിയിൽനിന്നും കാണാതായത്. കുട്ടിയുടെ പിതാവിനോട് 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയപ്പോൾ പിടിക്കപ്പെടുമെന്ന് ഭയന്ന് പ്രതികൾ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ജിഗനിക്കുസമീപം ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. പിടിയിലായ മുഹമ്മദ് നൗഷാദിന്റെയും സിറാജിന്റെയും ഫോൺ പരിശോധിച്ചപ്പോളാണ് സംഭവത്തിൽ മുഹമ്മദ് ജാവേദിന്റെ പങ്ക് മനസ്സിലായത്.