കേന്ദ്രത്തിന്‍റെ ഐടി നയത്തിനെതിരെ ടിഎം കൃഷ്ണ മദ്രാസ് ഹൈക്കോടതിയില്‍

കേന്ദ്ര സർക്കാരിന്റെ പുതിയ ഐ.ടി നയത്തിനെതിരെ സംഗീതജ്ഞന്‍ ടി.എം കൃഷ്ണ മദ്രാസ് ഹൈക്കോടതിയില്‍. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങുന്ന ബെഞ്ച് ഹരജിക്ക് മറുപടി നല്‍കാന്‍ കേന്ദ്രത്തിന് രണ്ടാഴ്ച സമയം കൊടുത്തു. പുതിയ ഐടി നയങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകളെയും ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമങ്ങളെയും കൂടുതല്‍ സെന്‍സര്‍ഷിപ്പിന്‍റെ നിഴലില്‍ കൊണ്ടുവരുമെന്ന് ടിഎം കൃഷ്ണ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഐ.ടി നയം ഭരണഘടനാ വിരുദ്ധമാണെന്നും 2000ത്തിലെ ഐ.ടി ആക്ടിന്‍റെ ലംഘനമാണെന്നും ടിഎം കൃഷ്ണ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ഈ നിയമം സർഗ്ഗാത്മകതയെ ശമിപ്പിക്കും. ഒരു വ്യക്തിക്ക് ഭാവനാത്മകമായി അല്ലെങ്കിൽ പരമ്പരാഗത അതിരുകൾക്കപ്പുറത്ത് ചിന്തിക്കുന്നത് അസാധ്യമാക്കും. രാഷ്ട്രീയമായും സാമൂഹികമായും പ്രാധാന്യമുള്ള കല സൃഷ്ടിക്കുന്നതില്‍ നിന്നും കലാകാരനെ പിന്തിരിപ്പിക്കുമെന്നും ടിഎം കൃഷ്ണ പറഞ്ഞു.