ശ്വാസതടസത്തെ തുടർന്ന് തമിഴ്നടൻ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേശീയ മുർപോക്ക് ദ്രാവിഡ കഴകം(ഡിഎംഡികെ) നേതാവും നടനുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മുതിർന്ന ഡോക്ടർമാർ അടങ്ങുന്ന സംഘം പരിശോധിച്ചു വരികയാണ്. കഴിഞ്ഞ വർഷം സെപറ്റംബറിൽ വിജയകാന്തിന് കോവിഡ് പോസിറ്റീവായിരുന്നു. കോവിഡ് പോസിറ്റീവായതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഹാസ്യതാരം പാണ്ഡു, ഗായകൻ കോമാങ്കൻ, സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ്, നടൻ മാരൻ തുടങ്ങി നിരവധി തമിഴ് സിനിമാപ്രവർത്തകരാണ് കോവിഡ് ബാധിച്ച് അടുത്തിടെ മരിച്ചത്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ജനനാഥനെയും ഈ മാർച്ചിൽ തമിഴകത്തിനു നഷ്ടമായിരുന്നു, ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു ജനനാഥന്റെ അന്ത്യം. നടൻ വിവേകിന്റെ മരണവും തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു.