കങ്കണ റണൗട്ടിന്‍റെ ബോഡി ഗാർഡിനെതിരെ ബലാത്സംഗത്തിന് കേസ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നടി കങ്കണ റണൗട്ടിന്‍റെ ബോഡി ഗാർഡിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കുമാര്‍ ഹെഗ്ഡെ എന്നയാൾക്കെതിരെ മുംബൈ ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും പുറമെ വഞ്ചനാക്കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
പരാതിക്കാരിയെ വിദഗ്ധ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ കങ്കണയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കങ്കണയുടെ സ്വകാര്യ അംഗ രക്ഷകരിലൊരാളാണ് കുമാറെന്നാണ് റിപ്പോർട്ടുകളെത്തുന്നതെങ്കിലും ഇക്കാര്യം സംബന്ധിച്ച് സ്ഥിരീകരണം നടത്താൻ പൊലീസ് തയ്യാറായിട്ടില്ല.
'കുമാർ ഹെഗ്ഡെ എന്നയാൾക്കെതിരെ ഐപിസി സെക്ഷൻ 376, 377 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയും ആരോപണവിധേയനും തമ്മിൽ ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു, പിന്നീട് വേർപിരിഞ്ഞു എന്നാണ് പ്രാഥമിക ഘട്ടത്തിലെ വിവരം' ഡിഎൻ നഗർ സ്റ്റേഷൻ ഇൻസ്പെക്ടർ ഭരത് ഗെയ്ക്ക്വാദ് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.