പുത്തൻ കാഴ്ചാനുഭവത്തിന് തുടക്കമിട്ട് പൃഥ്വിയുടെ കോൾഡ് കേസ്

മലയാള ത്രില്ലർ സിനിമകൾക്കിടയിൽ അവതരണ മികവ് കൊണ്ട് പുത്തൻ കാഴ്ച്ചാനുഭവം സമ്മാനിക്കുകയാണ് പൃഥിരാജ് ചിത്രം കോൾഡ് കേസ്, ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. കായലിൽനിന്നു കിട്ടിയ ഒരു തലയോട്ടിക്കു പിന്നാലെ തെളിവു തേടി നടത്തിയ യാത്രയ്ക്കൊടുവിൽ അപ്രതീക്ഷിത കൊലയാളിയിലേക്ക് എത്തിച്ചേരുന്ന എസിപി സത്യജിത്തിന്റെ കഥയാണ് കോൾഡ് കേസ് പറഞ്ഞത്.
ഒരു കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനിലൂടെയും അതീന്ദ്രിയ അനുഭവങ്ങൾക്ക് വിധേയനാകുന്ന ഒരു പത്രപ്രവർത്തകയിലൂടെയുമാണ് കഥ പറയുന്നത്. അന്വേഷണാത്മക മാധ്യമപ്രവർത്തക മേധാ പത്മജ എന്ന കഥാപാത്രവുമായി അദിതി ബാലനും എത്തുന്നു. പരസ്യചിത്ര നിർമാണ മേഖലയിൽ സജീവമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസില്‍ ലക്ഷ്മിപ്രിയ, സുചിത്ര പിള്ള, ആത്മീയ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങൾ.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് തീയേറ്ററുകൾ അടച്ചിടേണ്ടി വന്നതോടെയാണ് ചിത്രം ഓടിടി റിലീസായി പുറത്തിറക്കാൻ നിർമാതാവ് ആന്‍റോ ജോസഫ് തീരുമാനിച്ചത്. ശ്രീനാഥിന്‍റെ തിരക്കഥയ്ക്ക് ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർന്നാണ് ഛായാഗ്രഹണം. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്‌ഷൻ കൺട്രോളര്‍ ബാദുഷ. നിർമ്മാണം ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. 'ഇരുള്‍' എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് ശേഷം മൂവരും നിര്‍മിക്കുന്ന ചിത്രമാണ് 'കോള്‍ഡ് കേസ്'.