'മിന്നല്‍ മുരളി'യുടെ ഒടിടി അവകാശം നെറ്റ്ഫ്ളിക്സിന്

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ ഒരുങ്ങുന്ന ചിത്രമാണ് ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി'. ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ളിക്സ് ആണ് വാങ്ങിയിരിക്കുന്നത്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയ സമയത്ത് മാര്‍ച്ച് മാസത്തില്‍ തന്നെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിരുന്നതാണ്.
റെക്കോർഡ് തുകക്കാണ് ചിത്രം വിറ്റുപോയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഇത് വ്യക്തമാക്കിയത്. ടൊവീനോയുടെ സമീപകാല ചിത്രം 'കള'ക്ക് ഒടിടി റിലീസില്‍ ലഭിച്ച മികച്ച പ്രതികരണമാണ് നെറ്റ്ഫ്ളിക്സില്‍ നിന്ന് വന്‍ തുക ലഭിക്കാന്‍ കാരണമായതെന്നാണ് ശ്രീധർ പറയുന്നത്. തിയേറ്റർ റിലീസിന് ശേഷമായിരിക്കും ചിത്രം നെറ്റ്ഫ്ളിക്സിലൂടെ പ്രേക്ഷകരിലേക്കെത്തുക.
ചിത്രത്തിൽ മിന്നൽ മുരളി എന്ന സൂപ്പർഹീറോ കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം വരുന്നത്. അരുൺ, ജിഗർതണ്ട, ജോക്കർ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.