ദേശീയ പുരസ്കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് മരിച്ചു

വാഹാനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ദേശീയ പുരസ്കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് അന്തരിച്ചു. 38 വയസായിരുന്നു. അദ്ദേഹത്തിന്‍റെ അവയവങ്ങൾ ദാനം ചെയ്യുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. സഞ്ചാരി വിജയുടെ മരണം അംഗീകരിക്കാൻ വളരെയധികം വേദനയുണ്ടെന്നാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ച് നടൻ കിച്ച സുദീപ് ട്വിറ്ററിൽ കുറിച്ചത്.
ഇക്കഴിഞ്ഞ ജൂൺ 12നാണ് ബൈക്കപകടത്തില്‍ വിജയ്ക്ക് ഗുരുതര പരിക്കേറ്റത്. തലച്ചോറിനേറ്റ പരിക്കിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം കോമയിൽ തുടരുകയായിരുന്നു. 'രംഗപ്പ ഹോഗിബിത്ന' എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് സിനിമാ ലോകത്തെത്തുന്നത്. ട്രാൻസ്ജെൻഡർ വേഷത്തിലെത്തിയ 'നാൻ അവനല്ല.. അവളു' എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തി. 'ആക്ട് 1978' ആണ് അവസാന ചിത്രം.