മാലിക്കും കോൾഡ് കേസും ഒടിടി റിലീസിനെന്ന് സൂചന

ഫഹദ് ഫാസിൽ നായകനാകുന്ന മാലിക്കും പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന കോൾഡ് കേസും ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്ന് സൂചന. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിലവിലെ സാഹചര്യങ്ങളിൽ മാറ്റം വന്നതോടെയാണ് ഇത്തരമൊരു ആലോചനയിലേക്ക് ഇരു ചിത്രങ്ങളുടെയും നിർമാതാവായ ആന്റോ ജോസഫ് എത്തിയതെന്നാണ് വിവരം.
രണ്ടു സിനിമകളും ആമസോൺ പ്രൈം വഴിയാകും പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് സൂചന. മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തി ഉടനെങ്ങും പ്രദർശനം നടക്കാൻ സാധ്യതയില്ലാത്തതിനാൽ ഒടിടി റിലീസിന് ശ്രമിക്കുകയാണെന്ന് ആന്റോ ജോസഫ് എക്സിബിറ്റേഴ്സ് അസോസിയേഷന് അയച്ച കത്തിൽ പറയുന്നു.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന മാലിക് ഒന്നര വർഷത്തിലേറെയായി തീയറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലകിന്‍റെ ഫീച്ചര്‍ ഫിലിം അരങ്ങേറ്റമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണെത്തുന്നത്. രണ്ട് സിനിമകളും തീയറ്ററിൽ റിലീസ് ചെയ്യുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്.