കെ.എസ്. ചിത്രയ്ക്ക് ഇന്ന് ജന്മദിനം

മലയാള സിനിമാ ഗാനരംഗത്തെ പകരം വയ്ക്കാനില്ലാത്ത ശബ്ദത്തിന്റെ ഉടമ കെ.എസ്. ചിത്രയ്ക്ക് ഇന്ന് 58-ാം ജന്മദിനം. വിവിധ ഭാഷകളിലായി ആറുതവണയാണ് ചിത്രയെത്തേടി ദേശീയ പുരസ്കാരം എത്തിയത്. കാൽ ലക്ഷത്തോളം പാട്ടുകൾ പാടിയ ചിത്രയ്ക്ക് അതിന്റെ തെല്ല് അഹങ്കാരമോ ഈഗോയോ ഒന്നുമില്ല.എന്നു മാത്രമല്ല യാതാരു നാട്യങ്ങളുമില്ലാത്ത ലാളിത്യവും വിനയവുമാണ് ഈ മഹാഗായികയുടെ മുഖമുദ്ര.രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ഗായികയാണ് ചിത്ര. 1963 ജൂലായ് 27നാണ് ചിത്രയുടെ ജനനം.
ആറ് ദേശീയ അവാർഡുകൾ, എട്ട് ഫിലിംഫെയർ അവാർഡുകൾ, 36 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിവ നേടിയ മലയാളത്തിന്റെ വാനമ്പാടി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്‌കൃത, മലായ്, അറബിക്, സിംഹ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമാ ഗാനരംഗത്തെ ഏറ്റവും മികച്ച ഗായികമാരിൽ ഒരാളായ ചിത്ര വർഷങ്ങളായി ധാരാളം ഹിറ്റ് ട്രാക്കുകൾ സമ്മാനിച്ചിട്ടുണ്ട്.
തമിഴ് സിനിമാ ലോകമാണ് ചിത്രയ്ക്ക് ആദ്യ ദേശീയപുരസ്കാരം നേടിക്കൊടുത്തത്. 1986ൽ 'സിന്ധുഭൈരവി' എന്ന സിനിമയിലെ 'പാടറിയേൻ പഠിപ്പറിയേൻ' ഗാനമാണ് ആ നേട്ടം സ്വന്തമാക്കാൻ ചിത്രയെ പിന്തുണച്ചത്.