ദിഗംബരനെ ക്യാൻവാസിലാക്കി കോട്ടയം നസീർ

നടൻ, മിമിക്രി കലാകാരൻ എന്നതിലുപരി മികച്ച ചിത്രകാരൻ കൂടിയാണ് കോട്ടയം നസീർ. 2005 ൽ പുറത്തിറങ്ങിയ അനന്തഭദ്രം എന്ന ചിത്രത്തിലെ ദിഗംബരൻ എന്ന കഥാപാത്രത്തെയാണ് നസീർ ക്യാൻവാസിലാക്കിയിരിക്കുന്നത്.മനോജിന്റെ കരിയറിയെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ദിഗംബരൻ. നസീറിന് നന്ദി പറഞ്ഞു കൊണ്ട് മനോജ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
"ദിഗംബരനും....കോട്ടയം നസീറും
‘ കോട്ടയം നസീർ’ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ!. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ . ഒരുതരത്തിൽ പറഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല... ദിഗംബരൻ്റെ മനോഹരമായ ഈ ഓയിൽ പെയ്ന്റിങ്ങ് എൻ്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത് ... ഒരിക്കലും മായില്ല നന്ദി... സുഹൃത്തേ......
ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമായും ഞാൻ കാണുന്നു. വർഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും ,കലാകാരനെന്ന നിലയിലും ,നാട്ടുകാരൻ എന്ന നിലയിലും വലിയ അടുപ്പമുണ്ട് .ഇത് നസീർ എനിക്ക് തന്ന വലിയൊരു വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന ചിത്രകാരൻ്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു. ഹൃദയം നിറഞ്ഞ ആശംസകൾ".-മനോജ്.കെ.ജയൻ കുറിക്കുന്നു.