ന്യൂയോർക്ക് ടൈംസിൽ ഇടംനേടി 'നായാട്ട്

കുഞ്ചാക്കോ ബോബൻ, നിമിഷ ജോർജ്, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. ഇപ്പോഴിതാ പ്രശസ്ത രാജ്യാന്തര പ്രസിദ്ധീകരണമായ ന്യൂയോര്‍ക്ക് ടൈംസിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളുടെ പട്ടികയിലാണ് നായാട്ടും ഉൾപ്പെട്ടിരിക്കുന്നത്. പ്രേക്ഷകർ ഉൾക്കിടിലത്തോടെ ഉൾക്കൊണ്ട 'ജോസഫ്' എന്ന സിനിമയ്ക്ക് ശേഷം ഷാഹി കബീർ എന്ന രചയിതാവ് അവതരിപ്പിച്ച മറ്റൊരു പോലീസ് കഥയാണ് നായാട്ട്.
കാക്കി അണിഞ്ഞവർ സമൂഹത്തിന് മുന്നിൽ പ്രധാനമായും മൂന്നാംമുറക്കാർ, അല്ലെങ്കിൽ ന്യൂ ജെൻ പിള്ളേരുടെ 'പോലീസ് മാമന്മാർ' ഒക്കെയാവും. പക്ഷെ അവർക്കിടയിൽ വേട്ടയാടപ്പെടുന്നവരും നിരാശരാകുന്നവരും വേദനയുടെ ചവർപ്പ് കടിച്ചമർത്തുന്നവരുമുണ്ടെന്ന് മലയാളി സമൂഹം അൽപ്പമെങ്കിലും തിരിച്ചറിയാൻ തുടങ്ങിയത് വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞ ഏതാനും പോലീസ് ആത്മഹത്യകളിലൂടെയാണ്. പിന്നാമ്പുറ കാഴ്ചകളുടെ മഞ്ഞുപർവ്വതത്തിന്റെ മുകൾഭാഗം എങ്കിലും പൊതുസമൂഹത്തിനു മുന്നിൽ തെളിഞ്ഞത് അവിടം മുതലാണ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ച് സിനിമകളിലാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചിത്രവും ഉള്‍പ്പെട്ടിരിക്കുന്നത്. അലാ എഡ്ഡിന്‍ അല്‍ജെം സംവിധാനം ചെയ്ത ദ അണ്‍നോണ്‍ സൈന്റ, മാഗ്നസ് വോണ്‍ ഹോണിന്റെ സ്വെറ്റ്, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട്, മരിയോ ബാസ്‌റ്റോസിന്റെ എയര്‍ കണ്ടീഷണര്‍, മരിയാ പാസ് ഗോണ്‍സാല്‍വസ് എന്നിവയാണ് ഈ മാസം കാണുന്നതിനായി ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദേശിച്ചിരിക്കുന്ന ചിത്രങ്ങള്‍.