പ്രശസ്‌ത ഛായാഗ്രാഹകൻ ശിവൻ അന്തരിച്ചു

പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും ദേശീയ അന്തർദ്ദേശീയ അംഗീകാരങ്ങൾ നേടിയ സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു ശിവൻ.
കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫറായിരുന്നു ശിവൻ. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. ഐക്യകേരളത്തിന് മുമ്പും പിമ്പുമുള്ള ചരിത്രത്തിന്റെ ദൃക്സാക്ഷിയായ ശിവൻ ആദ്യത്തെ കേരള മന്ത്രി സഭയുടെ സത്യപ്രതിജ്ഞയടക്കം നിരവധി അമൂല്യ മുഹൂർത്തങ്ങൾ ഒപ്പിയെടുത്ത പ്രസ് ഫോട്ടോ ഗ്രാഫറാണ്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുതൽ നിരവധി നേതാക്കളുടെ രാഷ്‌ട്രീയ ജീവിതം കാമറയിൽ പകർത്തി.