ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും. പക്ഷാഘാതത്തെ തുടര്‍ന്ന് സുരേഖ കുറച്ച് കാലം ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷത്തോളമായി ശാരീരിക പ്രശ്‌നങ്ങള്‍ അവരെ അലട്ടിയിരുന്നു. 2018ല്‍ പക്ഷാഘാതവും സംഭവിച്ചിരുന്നു. ആദ്യകാലത്ത് ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചിരുന്ന സുരേഖ 1978-ൽ കിസാ കുർസി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്.
മൂന്നാമത്തെ ചിത്രമായ തമസിലൂടെ 1986 ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 1995 ല്‍ മാമ്മോ, 2019 ല്‍ ബധായി ഹോ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ദേശീയ പുരസ്‌കാരം നേടി. സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റവും തവണ സ്വന്തമാക്കിയ റെക്കോഡ് സുരേഖയുടേതാണ്. നന്ദിതദാസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ജന്മദിനം എന്ന മലയാള ചിത്രത്തിലും വേഷമിട്ടിരുന്നു. 1998 ലാണ് ചിത്രം പുറത്തിറങ്ങിയത്. 2020 ല്‍ പുറത്തിറങ്ങിയ ഗോസ്റ്റ് സ്‌റ്റോറീസ് ആണ് അവസാന ചിത്രം.
ഹിന്ദി നാടകങ്ങളിൽ നൽകിയ സംഭാവനകൾക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അതിനുമുമ്പ് അസോച്ചം ലേഡീസ് ലീഗിന്‍റെ മുംബൈ വുമൺ ഓഫ് ദ ഡെക്കേഡ് ആർക്കൈവേഴ്സ് അവാർഡും നേടിയിരുന്നു. 1997-ൽ സുമ ജോസ്സൺ സംവിധാനം ചെയ്ത ജന്മദിനം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.പരേതനായ ഹേമന്ത് റെഡ്ജ് ആണ് ഭർത്താവ്.