ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ നടി ലീന മരിയയുടെ മൊഴി ഓൺലൈനായി എടുക്കും

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ നടി ലീന മരിയ പോൾ അന്വേഷണസംഘത്തിന് മുമ്പാകെ നേരിട്ട് ഹാജരാകില്ലെന്ന് അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ തനിക്ക് നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഓൺലൈൻ വഴി മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. മൂന്നു തവണ വാട്സാപ് കോൾ വഴി രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ലീന പറഞ്ഞിരുന്നു. രവി പൂജാരി ഇത് ശരിവെച്ച് മൊഴി നൽകിയിട്ടുണ്ട്.
കേസിൽ നടിയുടെ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച അന്വേഷണം നിർണായകമായതിനാൽ ഇന്ന് വൈകിട്ടോടെ വീഡിയോ കോൺഫറൻസ് വഴി ലീനയുടെ മൊഴിയെടുക്കും. രവി പൂജാരിയുടെ ശബ്ദവും ലീനയെ കേൾപ്പിച്ച് ഉറപ്പുവരുത്തും. ഇതിനിടെ കേസിലെ മറ്റൊരു പ്രധാന കണ്ണി ജിയയ്ക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധമുള്ളവരെയും പ്രതികൾക്ക് പരോക്ഷ സഹായം നൽകിയവരെയും കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇപ്പോൾ അന്വേഷണ സംഘത്തിന് പക്കലുണ്ട്.