വിവാഹം കഴിക്കുമ്പോൾ വധുവിന് പത്ത് പവൻ അങ്ങോട്ട് നൽകുമെന്ന് നടൻ സുബീഷ് സുധി

താൻ വിവാഹം കഴിക്കുകയാണെങ്കിൽ പത്ത് പവൻ വധുവിന് അങ്ങോട്ട് നൽകുമെന്നും കുറേ കാലമായി താൻ തീരുമാനിച്ച കാര്യം നിലവിലെ സാഹചര്യത്തിൽ തുറന്ന് പറയാൻ തോന്നിയെന്നും സുബീഷ് ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ നാടും സ്ത്രീധനം ഇല്ലാത്ത ഒരു നാടാകട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നും സുബീഷ് കുറിച്ചു.
സുബീഷ് സുധിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.......
കുറേക്കാലമായി മനസിൽ തീരുമാനിച്ച കാര്യമാണ്. അത് ഇപ്പോൾ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുന്നു. ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ ആ പെണ്ണിന് ഞാൻ 10 പവൻ സ്വർണം നൽകും. ജീവിത സന്ധിയിൽ എന്നെങ്കിലും പ്രയാസം വന്നാൽ, അവൾക്കത് തരാൻ സമ്മതമെങ്കിൽ പണയം വയ്ക്കാം. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാൽ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്നം.’
വർഷങ്ങൾക്കു മുമ്പ് സലീമേട്ടന്റെ (സലിം കുമാർ) ഭാര്യ സുനിയേച്ചിയുടെ സഹോദരിയുടെ മകൾക്കു കണ്ണൂരിൽ നിന്നും ഒരു കല്യാണലോചന വന്നു. സലീമേട്ടൻ വിളിച്ചു പറഞ്ഞത് കൊണ്ട് ഞാൻ കാര്യങ്ങൾ അന്വേഷിച്ചു പറഞ്ഞു കൊടുത്തു. സലീമേട്ടൻ എന്നോട് പറഞ്ഞു, എങ്ങനെയാ സ്ത്രീധനം കാര്യങ്ങൾ എന്ന്, ഞാനെന്റെ അറിവ് വച്ചു പറഞ്ഞു. ഇവിടെ സ്ത്രീധനം വാങ്ങിക്കാറില്ല. കേരളത്തിലെ വിവിധ ദേശങ്ങളും, ഭാഷകളും,ഭൂപ്രകൃതിയും ഒക്കെ അറിയുന്ന സലീമേട്ടന് ഏകദേശം കണ്ണൂരിലെ സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ച് ഒരു ധാരണ ഉണ്ടായിരുന്നു.
സലീമേട്ടൻ പറഞ്ഞു എന്നാലും നീ ഒന്നുകൂടെ ഒന്നന്വേഷിക്ക്. ഞാൻ വീണ്ടും ഒന്നുകൂടി അന്വേഷിച്ചു പറഞ്ഞു.. ഇവിടെ സ്ത്രീധന സമ്പ്രദായം ഇല്ല എന്നത്..അവർ പറഞ്ഞു, ഇത് വല്ലാത്തൊരു നാടാണല്ലോ എന്ന്.ഒരു പെണ്ണിനെ, അവളെ ജീവിത സഖിയാക്കുന്നത്, സ്ത്രീധനം നോക്കി അല്ല എന്ന് വിശ്വസിക്കുന്ന ഒരു നാട്ടിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എല്ലാ നാടും സ്ത്രീധനം ഇല്ലാത്ത ഒരു നാടാകട്ടെ എന്ന് ആഗ്രഹിക്കുന്നു’ എന്നാണ് താരം കുറിച്ചത്.