ഇ ബുൾജെറ്റ് സഹോദരന്മാരുടെ കഥയുമായി വാൻ 777

ഇ ബുൾജെറ്റ് സഹോദരന്മാർ ആയ എബിൻ, ലിബിൻ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ചിത്രമാണ് "വാൻ 777" . സിനിമയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തുവിട്ടു.ഇ ബുൾജെറ്റ് സഹോദരന്മാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റമീസ് നന്തിയാണ്. ഡിഒപിയും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്.
കണ്ണൂർ ഇരിട്ടി സ്വദേശികളായ സഹോദരങ്ങൾ യൂട്യൂബിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ വ്‌ളോഗർ ആണ്. ഓമ്‌നി വാൻ ലൈഫിലൂടെയാണ് ഇവർ ശ്രദ്ധ നേടിയത്. പിന്നീട് ഇവരുടെ വണ്ടി മോട്ടോർ വാഹന വകുപ്പ് പിടിച്ചെടത്തിരുന്നു. നിയമവിരുദ്ധമായി സ്റ്റിക്കർ വർക്കുകൾ നടത്തിയതും മോഡിഫിക്കേഷൻ നടത്തിയതും മൂലം ആണ് വണ്ടി പിടിച്ചെടുത്തത്. ഇതിനെ തുടർന്ന് സഹോദരങ്ങൾ കണ്ണൂർ എംവിഡി ഓഫീസിലെത്തിയപ്പോൾ സംഘർഷമുണ്ടാകുകയും സംഭവം കേസായി മാറുകയും ചെയ്തു. ഇതിന് പിന്നാലെ ഇവർ അറസ്റ്റിലാവുകയും ചെയ്തു.
ഇവർ പിന്നീട ജാമ്യത്തിൽ ഇറങ്ങിയെങ്കിലും ഒക്‌ടോബർ 28നാണ് പിടിച്ചെടുത്ത വാഹനം ഇവർക്ക് വിട്ടുകിട്ടിയത്. പിന്നീട് കോടതിയിൽ മോഡിഫിക്കേഷനുകൾ ഒഴിവാക്കി ഹാജരാക്കുകയായിരുന്നു. നിലവിൽ 2.08 മില്യൺ സബ്‌സ്‌ക്രൈബർമാരാണ് ഇ ബുൾജെറ്റ് യൂട്യൂബ് ചാനലിനുള്ളത്