കെജിഎഫ് 2 ചിത്രീകരണം ആരംഭിച്ചു

0

സിനിമ ലോകം ഒരുപോലെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് ചാപ്റ്റർ 2 ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചു. ബെംഗളൂരുവിലെ ശ്രീ കൊഡണ്ടരാമ സ്വാമി ക്ഷേത്രത്തില്‍ വെച്ച് ചിത്രത്തിന്റെ പൂജ നടന്നു.നായകൻ യഷ്, നായിക ശ്രിനിധി ഷെട്ടി, സംവിധായകൻ പ്രശാന്ത് നീൽ എന്നിവർ പൂജയില്‍ പങ്കെടുത്തു. രണ്ടാം ഭാഗത്തിൽ പുതിയ കഥാപാത്രങ്ങളിലായി വലിയ താരങ്ങളാകും സിനിമയിൽ പ്രത്യക്ഷപ്പെടുകയെന്ന് സൂചനയുണ്ട്. സഞ്ജയ് ദത്ത് ആകും വില്ലനായി എത്തുക. ആദ്യഭാഗത്തിൽ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലൻ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.

നാല് വർഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് കഴിഞ്ഞ ഡിസംബർ 21ന് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ കെജിഎഫ് റിലീസിനെത്തിയത്. കർണാടകയിൽ ആദ്യദിനം 350 സ്ക്രീനുകളില്‍ റിലീസ് ചെയ്തപ്പോൾ ബെംഗളൂരുവിൽ 500 പ്രദർശനങ്ങളാണ് ഉണ്ടായിരുന്നത്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. സിനിമയുടെ ആകെ കലക്‌ഷൻ 225 കോടി.

കന്നഡയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. നായകൻ യാഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതൽമുടക്കിലാണ് നിർമിച്ചത്.

Leave A Reply

Your email address will not be published.