വൈദ്യുത വാഹനങ്ങൾക്ക് നിരവധി ആനുകൂല്യങ്ങളുമായി കേന്ദ്രം ഫെയിം പദ്ധതി

0

ന്യൂഡൽഹി: വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച ഫെയിം പദ്ധതിയുടെ(ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) രണ്ടാം ഘട്ടത്തിൽ അനുവദിച്ചിരിക്കുന്നത് 9634 കോടി രൂപ. വാഹനങ്ങൾക്കു സബ്സിഡി അനുവദിക്കുന്നതിനു മാത്രം 8596 കോടിയാണു നീക്കിവെച്ചിട്ടുള്ളത്. 15 ലക്ഷത്തിലേറെ വാഹനങ്ങൾക്കു 3 വർഷം നീളുന്ന രണ്ടാം ഘട്ടത്തിൽ ആനുകൂല്യങ്ങൾ കിട്ടുന്നതാണ്.

കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം സെക്രട്ടറിയെ അധ്യക്ഷനാക്കികൊണ്ടുള്ള പദ്ധതി നിർവഹണത്തിനായി പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ മേല്നോട്ടത്തിലാകും തുക അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക. വാഹനങ്ങൾ വാങ്ങാൻ സബ്സിഡി കൊടുക്കുന്നതിനോടൊപ്പം റജിസ്ട്രേഷൻ നിരക്ക്, പാർക്കിങ് ഫീസ് എന്നിവയിൽ ഇളവ്, കുറഞ്ഞ ടോൾ നിരക്ക് എന്നിവയും ഇ– വാഹനങ്ങൾക്കായി പരിഗണിക്കുന്നതാണ്. നിലവിൽ മോട്ടർവാഹന ആക്ട് അനുസരിച്ചു റജിസ്റ്റർ ചെയ്ത ഇലക്ട്രോണിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കും ബസുകൾക്കും മാത്രമാണു സബ് സിഡി അനുവദിക്കുക. അതേസമയം വൈദ്യുതിക്കൊപ്പം പെട്രോൾ / ഡീസൽ എൻജിൻ കൂടി ഉപയോഗിക്കുന്ന ഹൈബ്രിഡ് കാറുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ വാഹനങ്ങൾക്ക് മാത്രമായിരുന്നു സബ്സിഡി നൽകിയിരുന്നത്. ഇപ്പോൾ വാഹന ചാർജിങ് സ്റ്റേഷനുകൾ ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ബാറ്ററിയുമായി ബന്ധപ്പെട്ടുള്ള വിപണിയിലെ മാറ്റങ്ങൾക്ക് നിലവിലുള്ള ആനുകൂല്യങ്ങളിൽ മാറ്റം വരുത്താനുള്ള അധികാരവും സമിതിക്കുണ്ട്.

Leave A Reply

Your email address will not be published.