ബിജെപിയെ വിമർശിച്ച് പി.പി. മുകുന്ദൻ

തിരുവനന്തപുരം: നാമജപയാത്രയിൽ പങ്കെടുത്തവരുടെ വോട്ട് കൊണ്ടു തിരഞ്ഞെടുപ്പു ജയിക്കാമെന്നു ബിജെപി കരുതേണ്ടെന്നു പാർട്ടി മുൻ ജനറൽ സെക്രട്ടറി പി.പി. മുകുന്ദൻ. നാമജപയാത്രയിൽ പങ്കെടുത്തവരിൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരുമുണ്ട്. ഹിന്ദുക്കളല്ലാത്തവരും കണ്ടേക്കാം. അവരുടെയെല്ലാം വോട്ട് പെട്ടിയിൽ വീഴുമെന്നു നേതാക്കൾ കണക്കുകൂട്ടരുത്. പാർട്ടി ഒതുക്കി മൂലയ്ക്കിരുത്തിയ യഥാർഥ പ്രവർത്തകർ കേരളത്തിലെമ്പാടുമുണ്ട്. അവരുടെ മനസ്സറിഞ്ഞു മടക്കിക്കൊണ്ടു വരാൻ നേതൃത്വം ശ്രമിക്കുന്നില്ല. പാർട്ടി പുനഃക്രമീകരിക്കാൻ ഏറ്റവും യോജിച്ച സമയമാണിത്.

തിരുവനന്തപുരത്തു മത്സരിക്കാൻ തീരുമാനിച്ചതു തന്നെ പിന്തുണയ്ക്കുന്ന സംഘടനകളുടെ തീരുമാനപ്രകാരമാണ്. ഒരിക്കലും റിബൽ എന്ന നിലയിൽ മത്സരിക്കില്ല. ചില സംസ്ഥാന നേതാക്കളുടെ പ്രസ്താവനകൾ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. തന്ത്രിയുമായി സംസാരിച്ചു എന്നാദ്യം പറഞ്ഞു. പിന്നീടതു തിരുത്തി. ഇതൊക്കെ ആളുകളിൽ പരിഹാസമുണ്ടാക്കി. വിശ്വാസ്യത നഷ്ടമായ നേതൃത്വത്തിനു പരിവർത്തനം ആവശ്യമാണെന്നും മുകുന്ദൻ പറഞ്ഞു.അതേസമയം പി.പി. മുകുന്ദൻ തിരുവനന്തപുരത്തു മത്സരിക്കുന്നതിനെപ്പറ്റി അറിയില്ലെന്നു ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാർ പറഞ്ഞു.

Leave A Reply

Your email address will not be published.