പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി വനത്തിനുളളില്‍ വെച്ച് പീഡിപ്പിച്ച ഇമാമിനെതിരെ കേസെടുത്തു. പോപ്പുലര്‍ ഫണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിക്കെതിരെ വിതുര പൊലീസാണ് പോക്‌സോ ചുമത്തി കേസെടുത്തത്. തൊളിക്കോട് ജുമാ മസ്ജിദിലെ ഇമാം ആയിരുന്ന ഷഫീഖ് അല്‍ ഖാസിമിയെ സംഭവത്തെ തുടര്‍ന്ന് പളളിക്കമ്മിറ്റി പുറത്താക്കിയിരുന്നു.

തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്. ഇമാംസ് കൗണ്‍സില്‍ നിന്നും ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ച ശേഷം ആരോപണങ്ങള്‍ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെയാണ് ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്ന് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞയാഴ്ച ഉച്ചസമയത്ത് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൗലവിയുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും ദുരൂഹത തോന്നി. ഇതിന് പിന്നാലെയാണ് ഇമാംസ് കൗണ്‍സില്‍ അടക്കം അച്ചടക്ക നടപടി സ്വീകരിച്ചത്.

Leave A Reply

Your email address will not be published.