ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ

ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ് . ലക്‌നൗവില്‍ നിന്ന് പിസിസി ആസ്ഥാനത്തേക്ക് റോഡ് ഷോ നടത്തിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിയങ്ക തുടക്കം കുറിച്ചത്. സജീവ രാഷ്ട്രീയത്തിലിറങ്ങിയ ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു. പ്രിയങ്കയുടെ വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെങ്കിലും ഇത് തെരഞ്ഞെടുപ്പ് നേട്ടമായി മാറ്റാനാകുമെന്നാണ് കോൺഗ്രസിന്റെ നോട്ടം .

റോഡ് ഷോ ചോര്‍ ഷോയാണെന്നാണ് ബിജെപി വിമര്‍ശനം, സജീവ രാഷ്ട്രീയത്തിലിറങ്ങിയ ശേഷമുള്ള ആദ്യ പൊതുപരിപാടി ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനായി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര ജയ്പൂരില്‍ എത്തി . സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നെങ്കിലും ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന് പ്രിയങ്ക ആവേശം പകര്‍ന്നു. ലക്‌നൗ എയര്‍പോര്‍ട്ട് മുതല്‍ ഉത്തര്‍പ്രദേശ് പിസിസി ആസ്ഥാനം വരെയായിരുന്നു റോഡ് ഷോ.
തുറന്ന വാഹനത്തില്‍ 15 കിലോമീറ്ററോളം സഞ്ചരിച്ച് പ്രിയങ്ക പ്രവര്‍ത്തകരെ ആദ്യാവസാനം അഭിവാദ്യം ചെയ്തു. റോഡിന്റെ ഇരു വശങ്ങളിലും അണിനിരന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പതാക വീശിയും മുദ്രാവാക്യം മുഴക്കിയുമാണ് പ്രിയങ്കയെ വരവേറ്റത്. 6 മണിക്കൂറോളമായിരുന്നു റോഡ് ഷോ. പശ്ചിമ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും പ്രിയങ്കയോടൊപ്പമുണ്ടായിരുന്നു.
പ്രവര്‍ത്തകരെ പ്രിയങ്ക അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രിയങ്കയ്ക്ക് പകരം രാഹുല്‍ ഗാന്ധിയായിരുന്നു പ്രസംഗിച്ചത്. ലക്ഷ്യം 2022 നിയമസഭാ തെരഞ്ഞെടുപ്പാണെന്ന രാഹുലിന്റെ പ്രസ്താവന കോണ്‍ഗ്രസ് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ കാണുന്നുവെന്നതിന്റെ സൂചനയാണ്.

സമൂഹ മാധ്യമങ്ങളിലും പ്രിയങ്ക തന്റെ സാന്നിദ്ധ്യം അറിയിച്ചു. ഇന്നായിരുന്നു ട്വിറ്ററില്‍ ഔദ്യോഗിക അക്കൗണ്ട് പ്രിയങ്ക തുടങ്ങിയത്. വ്യാഴാഴ്ച വരെ ഉത്തര്‍പ്രദേശില്‍ തുടരുന്ന പ്രിയങ്ക പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും യുപിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രിയങ്കയുടെ റോഡ്‌ഷോ നിര്‍ജീവമായ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന് ആശ്വാസം തന്നെ.

Leave A Reply

Your email address will not be published.