പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉജ്ജ്വലമായ തുടക്കം

ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശോജ്വല തുടക്കം. ലക്നൗവില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം റോഡ്ഷോ നടത്തുന്ന പ്രിയങ്കയെ ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ വരവേറ്റു. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുന്നതു വരെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരായിരിക്കും അത്. യുപിയിലെ അനീതികള്‍ക്കെതിരെ പോരാടാനാണ് പ്രിയങ്കയോടും ജ്യോതിരാദിത്യ സിന്ധ്യയോടും ആവശ്യപ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ഇന്ദിഗാന്ധിയോടുള്ള പ്രിയങ്കയുടെ രൂപസാദൃശ്യം പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ഏക വനിതയായ ഇന്ദിരാഗാന്ധി ‘ഉരുക്ക് വനിത’യെന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ 1975 -ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ അവര്‍ക്കെതിരെ ഏറെ വിമര്‍ശനമുയർന്നിരുന്നു. അതേസമയം പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയുടെ തുടര്‍ച്ചയാണെന്നാണ് ബി.ജെ.പി വിമര്‍ശിക്കുന്നത്.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും റോഡ്ഷോയുടെ ഭാഗമാകുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് യുപിസിസി ആസ്ഥാനത്തേക്കാണ് യാത്ര. വഴിനീളെ വന്‍ജനക്കൂട്ടമാണ് പൂക്കളും മൂവര്‍ണപ്പതാകയും കയ്യിലേന്തി പ്രിയങ്കയെ എതിരേല്‍ക്കുന്നത്.ലക്നൗവില്‍ നടക്കുന്ന റാലിയോടെ പ്രിയങ്ക തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിയുടെ വ്യക്തിപ്രഭാവം സംഘടനാതലത്തിൽ പാർട്ടി തീർത്തും ദുർബലമായ സംസ്ഥാനത്ത് ചലനങ്ങളുണ്ടാക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പുരും ഉൾപ്പെടുന്നു. ഇവിടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നടതക്കമുള്ള ചുമതല പ്രിയങ്കയ്ക്കുണ്ടാകും.വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാഹുലിനെയും പ്രിയങ്കയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചാനയിച്ചത്. ആദ്യം ബസിനു മുകളിലും പിന്നീട് കാറില്‍ കയറിയുമാണ് പ്രവര്‍ത്തകരുടെ അവേശപ്രകടനത്തിനിടയിലൂടെ പ്രിയങ്കയും രാഹുലും കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കു പോയത്.

പ്രിയങ്കയെ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവന്നത് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് രാഹുല്‍ പ്രവര്‍ത്തകരോട് വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഒരു ഹൃദയമുണ്ടെങ്കില്‍ അത് ഉത്തര്‍പ്രദേശ് ആണെന്ന രാഹുലിന്റെ പ്രഖ്യാപനം കൈയ്യടികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെങ്കിലും പാര്‍ട്ടിയുടെ ആത്യന്തിക ലക്ഷ്യം ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തുക എന്നതാണെന്നും രാഹുല്‍ വ്യക്തമാക്കി.യുവാക്കള്‍ക്കും പാവങ്ങള്‍ക്കും ഗ്രാമീണര്‍ക്കും വേണ്ടിയുള്ള സര്‍ക്കാരായിരിക്കും കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ രൂപീകരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Leave A Reply

Your email address will not be published.