നടി മഞ്ജു വാര്യർ വീട് വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന് വയനാട്ടിലെ ആദിവാസികള്‍

വയനാട് : നടി മഞ്ജു വാര്യർ വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന് വയനാട് പരിക്കുനിയിലെ ആദിവാസി കുടുംബങ്ങൾ. മഞ്ജു വാര്യർ ഫൗണ്ടേഷൻറെ പേരിൽ കോളനി നിവാസികൾക്ക് ഒരു കോടി എൺപത് ലക്ഷം രൂപ ചിലവാക്കി വീടും അടിസ്ഥാന സൗകര്യങ്ങളും പണിത് കൊടുക്കാമെന്ന് രണ്ട് വർഷം മുമ്പ് രേഖാമൂലം ഉറപ്പ് നൽകിയിരുന്നു . ഈ വാഗ്ദാനം വിശ്വസിച്ചതിനാൽ മറ്റു സർക്കാർ പദ്ധതികളിൽ നിന്നും പുറത്തായി നരകതുല്യമായ ജീവിതം നയിക്കുകയാണ് തങ്ങളെന്ന് സമരത്തിനൊരുങ്ങുന്ന ആദിവാസികൾ പറയുന്നു.

2017 ജനുവരി 20 നാണ് വയനാട് ജില്ലയിലെ പനമരത്തുള്ള പരക്കുനിയിലെ ആദിവാസി വിഭാഗത്തിലുള്ളവർക്ക് വീട് വെച്ച് കൊടുക്കാമെന്ന് മഞ്ജു വാര്യർ ഫൗണ്ടേഷൻ അധികൃതർക്ക് കത്ത് നൽകുന്നത്. വയനാട് ജില്ലാ കളക്ടർക്കും പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തും ഈ കത്ത് പ്രകാരമുള്ള നിർമ്മാണങ്ങൾക്ക് അനുമതിയും നൽകി.

ഈ അനുമതികളെല്ലാം സർക്കാരിൽ നിന്ന് ലഭിച്ചിട്ടും മഞ്ജുവാര്യർ ഫൗണ്ടേഷൻ വാഗ്ദാന ലംഘനം നടത്തിയെന്നാണ് ആദിവാസികൾ ആരോപിക്കുന്നത്. പരക്കുനിയിലെ ആദിവാസി വിഭാഗത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പണിയ വിഭാഗത്തിൽ പെട്ടവരാണിവർ. ഈ പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ട്രൈബൽ കോളനി ഭവന നിർമ്മാണ ഫണ്ട്, ലൈഫ് ഭവന നിർമ്മാണ ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് തുടങ്ങിയവ നിഷേധിക്കപ്പെട്ടതായും ഇവർ വ്യക്തമാക്കുന്നു.

57 കുടുംബങ്ങൾ കോളനിയിലുണ്ട്. നാളിതു വരെ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ഇവിടെ ആരംഭിച്ചിട്ടില്ല.ഇതിനെ തുടർന്നാണ് ഇവർ പരസ്യ പ്രതിഷേധത്തിന് തീരുമാനമെടുത്തത്. വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചതിനു ഫെബ്രുവരി 13 നു മഞ്ജു വാര്യരുടെ തൃശ്ശൂരുള്ള വീടിനു മുന്നിലാണ് കുടിൽ കെട്ടി സത്യാഗ്രഹം ചെയ്യുക.

വീടുകൾ, ടോയ്ലറ്റ്, കമ്മ്യൂണിറ്റി ലൈബ്രറി, സ്ത്രീകൾക്കായുള്ള തൊഴിൽ പരിശീലനം, കുട്ടികൾക്ക് വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പരിശീലനം, ആദിവാസി വിദ്യാർത്ഥികൾക്ക് ജോലി നേടാൻ ആവശ്യമായ കൗൺസിലിംഗ് തുടങ്ങിയവയാണ് ഫൗണ്ടേഷൻ അനുമതിക്കായി സമർപ്പിച്ച പദ്ധതിയിലുള്ളത്.

പരക്കുനി ആദിവാസി വിഭാഗത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പണിയ വിഭാഗത്തില്‍ പെട്ടവരാണിവര്‍. വാഗ്ദാന ലംഘനത്തിനെതിരെ പരസ്യ പ്രതിഷേധത്തിന് കാരണം ആദിവാസി വിഭാഗങ്ങളുടെ നരകതുല്യമായ ജീവിതമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍, വാര്‍ഡ് മെമ്പര്‍ എംഎം ചാക്കോ തുടങ്ങിയവരും അറിയിച്ചു

Leave A Reply

Your email address will not be published.