വാഹനാപകടത്തില്‍ പരിക്കേറ്റ കോഴിക്കോട് സ്വദേശിനിക്ക് രണ്ടു കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ദുബായ് : ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ രഹന ജാസ്മിന് രണ്ടു കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. 2015 ല്‍ ദുബായ് മറീനാ മാളിന്റെ സമീപത്താണ് വാഹനാപകടത്തില്‍ രഹനയ്ക്കു ഗുരുതരമായ പരിക്ക് പറ്റിയത്. തലക്കും മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ രഹനയെ അബോധാവസ്ഥയിലാണ് ദുബായ് റാഷിദ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

ഭര്‍ത്താവിന്റെ സുഹൃത്തിന്റെയും കുടുംബത്തിന്റെയും കൂടെയായിരുന്നു രഹന അവരുടെ കാറില്‍ യാത്ര ചെയ്തിരുന്നത്. ഭര്‍ത്താവിന്റെ സുഹൃത്തായ മലയാളി യുവാവായിരുന്നു കാര്‍ ഓടിച്ചിരുന്നത്.രഹനയും ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യയും രണ്ടു വയസ്സുള്ള കുട്ടിയും കാറിന്റെ പിന്‍ സീറ്റിലായിരുന്നു. 2015 ഓഗസ്റ്റില്‍ ദുബൈയിലെ ഒരു ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് രാത്രി 8.30 ന് അപകടം ഉണ്ടായത്.

വാഹനം ഓടിച്ചിരുന്ന വ്യക്തിയും പിന്‍സീറ്റിലുണ്ടായിരുന്ന രണ്ടു വയസ്സുള്ള കുട്ടിയും അപകടത്തില്‍ മരിക്കുകയും രഹനക്ക് ഗുരുതര പരിക്കേല്‍ക്കുകയുമായിരുന്നു. 24 ദിവസം രഹന ദുബായ് റാഷിദ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു.ബോധം വീണ്ടു കിട്ടിയശേഷം പല ശസ്ത്രക്രിയകള്‍ക്കും രഹന വിധേയയായി.

ചികിത്സപൂര്‍ത്തിയായ ശേഷം നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാനായി ദുബൈയ് അല്‍ക്കബ്ബാന്‍ അഡ്വക്കേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ഷംസുദിന്‍ കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ടു വക്കാലത്ത് നല്‍കുകയായിരുന്നു.അഡ്വ. ഷംസുദീന്‍ അഞ്ചു മില്യന്‍ ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ദുബൈയ് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പ്രാഥമിക കോടതി ഏഴു ലക്ഷം ദിര്‍ഹവും (DED 700000), 9% പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ എതിര്‍ കക്ഷിയായ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ 7,00,000 ദിര്‍ഹം മതിയായ നഷ്ടപരിഹാരമല്ലെന്നും തെളിയിക്കാനാവശ്യമായ കാര്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബാക്കി തുകയ്ക്കു വേണ്ടി വീണ്ടും അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു. ടി. അപ്പീല്‍ കേസിലാണു കഴിഞ്ഞ ദിവസം നഷ്ടപരിഹാര തുക ഒരു മില്യണ്‍ ദിര്‍ഹം ആയി ഉയര്‍ത്തിക്കൊണ്ട് അപ്പീല്‍ കോടതിവിധി പ്രസ്താവിച്ചത്. ഒപ്പം ഈ ഒരു മില്യന്‍ ദിര്‍ഹത്തിന്റെ 9% വരുന്ന തുക പലിശ നല്‍കാനും കോടതി ഉത്തരവിട്ടു.

Leave A Reply

Your email address will not be published.