വാഹനങ്ങളുടെ ചില്ല് തകർത്ത കേസിലെ പ്രതി അറസ്റ്റിൽ

ആലപ്പുഴ: നഗരത്തിൽ വ്യാപകമായി വാഹനങ്ങളുടെ ചില്ലു തകർത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . ആലപ്പുഴ ബീച്ച് വാർഡ് പുത്തുപറമ്പിൽ ശ്രീലാൽ (മിഥുൻ–27) ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 7 ന് പുലർച്ചെ ഒരു മണിക്കു ശേഷമാണ് ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് അരികിൽ നിർത്തിയിട്ടിരുന്ന ഇരുപത്തഞ്ചോളം വാഹനങ്ങളുടെ ചില്ല് ഇയാൾ തകർത്തത്. പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ തെളിവു ലഭിച്ചിരുന്നില്ല.

ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മുൻപു സമാനമായ കേസുകളിൽ പ്രതികളായവരുടെ ഫോൺ നമ്പരുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് പ്രതി ഉപയോഗിച്ചിരുന്ന പിക്കപ് വാൻ സിസിടിവി ദൃശ്യങ്ങളിൽ നിന്നു തിരിച്ചറിഞ്ഞത്‌. ആലപ്പുഴ ആർടിഒയുടെ സഹായത്തോടെ ജില്ലയിലെ നൂറ്റൻപതിലേറെ പിക്കപ് വാനുകളുടെ വിവരം ശേഖരിച്ചാണു അവസാനം പ്രതിയിലേക്ക് എത്തിയത്. വാഹനം പിടിച്ചെടുത്തശേഷം ചോദ്യം ചെയ്തു. ആദ്യഘട്ടത്തിൽ നുണകൾ പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും പ്രതി ഒടുവിൽ കുറ്റസമ്മതം നടത്തി.

Leave A Reply

Your email address will not be published.