കാംറി ഹൈബ്രിഡ് ഇലക്ട്രിക് സെഡാന്‍ ടൊയോട്ട ഇന്ത്യയില്‍ പുറത്തിറക്കി; വില 36.95 ലക്ഷം

പുതുതലമുറ കാംറി ഹൈബ്രിഡ് ഇലക്ട്രിക് സെഡാന്‍ ടൊയോട്ട ഇന്ത്യയില്‍ പുറത്തിറക്കി. 36.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഇറക്കുമതി വഴിയെത്തിയ പുതിയ കാംറി ടൊയോട്ടയുടെ കര്‍ണാടകയിലെ ബിഡാഡി പ്ലാന്റില്‍ അസംബ്ലിള്‍ ചെയ്താണ് വിപണിയിലെത്തുന്നത്. ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡാണ്‌ ഇന്ത്യയില്‍ 2019 കാംറിയുടെ പ്രധാന എതിരാളികള്‍. ടൊയോട്ടയുടെ പുതിയ TNGA-K (ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍) പ്ലാറ്റ്‌ഫോമിലാണ് കാംറിയുടെ നിര്‍മാണം, ഇത് വഴി ഭാരം കുറയ്ക്കാനും സാധിച്ചു. മുന്‍ മോഡലിനെക്കാള്‍ വലുപ്പവും സ്ഥലസൗകര്യവും 2019 കാംറിക്ക് കൂടുതലുണ്ട്. 23.27 കിലോമീറ്റര്‍ മൈലേജും പുത്തന്‍ കാംറിയില്‍ ലഭിക്കും.
എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുള്ള പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, ലക്സസസ് കാറുകളിലേതിന് സമാനമായ വലിയ ഗ്രില്‍, വലിയ എയര്‍ഡാം, പുതിയ ബമ്പര്‍, എന്നിവ കാംറിയിലെ മുന്‍വശത്തെ മാറ്റങ്ങളാണ്. അതേസമയം, പ്രിയൂസിലേതിന് സമാനമായ ടെയ്ല്‍ലാമ്പ്, ഉയര്‍ന്ന ബമ്പര്‍, ട്വിന്‍ പൈപ്പ് എക്സ്ഹോസ്റ്റ്, ഫൈവ് സ്പോക്ക് അലോയി വീലുകള്‍ എന്നിവ കാംറിയുടെ ആഡംബര ഭാവം ഉയര്‍ത്തും. 17 ഇഞ്ചാണ് അലോയി വീല്‍. ഇന്റീരിയറില്‍ പുതുതായി കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വുഡന്‍ പാനലിങ് നല്‍കിയിട്ടുള്ള ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോളിന് അലങ്കാരമായി 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10 ഇഞ്ച് ഹെഡ് അപ്പ് ഡിസ്‌പ്ലേ, 7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ട് ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.
ശക്തമായ സുരക്ഷയൊരുക്കിയാണ് കാംറിയുടെ പുതുതലമുറ എത്തുന്നത്. പത്ത് എയര്‍ബാഗ്, ടൊയോട്ട സ്റ്റാര്‍ സേഫ്റ്റി സിസ്റ്റം എന്നിവയ്ക്കൊപ്പം സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്മാര്‍ട്ട് സ്റ്റോപ്പ് ടെക്നോളജി എന്നിവ സുരക്ഷയുടെ കരുത്തുയര്‍ത്തുന്നു.
നേരത്തെ പെട്രോള്‍ എന്‍ജിനിലും കാംറി ലഭ്യമായിരുന്നെങ്കിലും ഇനി ഹൈബ്രിഡ് വകഭേദം മാത്രമേയുള്ളു. 88kW ഇലക്ട്രിക് മോട്ടോറിനൊപ്പം 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. ഇവ രണ്ടും ചേര്‍ന്ന് 208 ബിഎച്ച്പി പവര്‍ നല്‍കും. പെട്രോള്‍ എന്‍ജിനില്‍ മാത്രം 176 ബിഎച്ച്പി പവറും 221 എന്‍എം ടോര്‍ക്കും ലഭിക്കും. 6 സ്പീഡ് സിവിടി ഓട്ടോമാറ്റിക്കാണ് ട്രാന്‍സമിഷന്‍.

Comments are closed.