പബ്ജി ഗെയിം നിരോധിക്കണമെന്ന് വിദ്യാര്‍ഥി സംഘടന

ശ്രീനഗര്‍: ആഗോള തലത്തില്‍ അടുത്തിടെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച വീഡിയോ ഗെയിം ആണ് പ്ലെയര്‍ അണ്‍നൗണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് അഥവ പബ്ജി. ഏതൊരു വീഡിയോ ഗെയിമിനേയും പോലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുനിടയിലാണ് പബ്ജിയ്ക്ക് പ്രചാരമുള്ളത്. എന്നാല്‍ ഇപ്പോഴിതാ ഒരു വിദ്യാര്‍ഥി സംഘടന തന്നെ പബ്ജിയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നു.
പബ്ജി ഗെയിം ഉടനടി നിരോധിക്കണമെന്ന ആവശ്യവുമായി ഗവര്‍ണർ സത്യപാൽ നായിക്കിനെ സമീപിച്ചിരിക്കുകയാണ് ജമ്മു-കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍. ഗെയിം വലിയ ആസക്തിയുണ്ടാക്കുന്നുണ്ടെന്നും പത്താംതരം, പ്ലസ് ടു പരീക്ഷകളിലെ വിദ്യാര്‍ത്ഥികളുടെ മോശം പ്രകടനത്തിന് അത് കാരണമാകുന്നുവെന്നും സംഘടന ആരോപിക്കുന്നു. പബ്ജി ഗെയിമിനെ മയക്കുമരുന്നിനോടും ഇവര്‍ താരതമ്യം ചെയ്യുന്നു. പരീക്ഷകളില്‍ മോശം പ്രകടനം ഉണ്ടായ ഉടന്‍ തന്നെ പബ്ജി ഗെയിം നിരോധിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയുപം സ്വീകരിച്ചിട്ടില്ല. അസോസിയേഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ റഫീഖ് മഖ്ദൂമി പറഞ്ഞു.
മയക്കുമരുന്നുകളോടുള്ള ആസക്തിയേക്കാള്‍ ഈ ഗെയിമിനോടുള്ള ആസക്തി കൂടുതല്‍ ആശങ്കയ്ക്കിടയാക്കുന്നു. യുവാക്കള്‍ 24 മണിക്കൂറും ഒന്നും ചെയ്യാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരിക്കുന്നതാണ് നമ്മള്‍ കാണുന്നത്. അസോസിയേഷന്‍ പറഞ്ഞു.
ഭാവി തുലയ്ക്കുന്ന ഗെയിം എന്നാണ് ജമ്മു-കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ അബ്രാര്‍ അഹമ്മദ് ഭട്ട് പബ്ജി ഗെയിമിനെ വിശേഷിപ്പിച്ചത്.
പബ്ജി ഗെയിമിന് സ്വീകാര്യത ലഭിച്ചു തുടങ്ങിയ നാള്‍ മുതല്‍ ഗെയിമിനെതിരെയുള്ള വിമര്‍ശനങ്ങളും ശക്തമാവുന്നുണ്ട്. മുംബൈയില്‍ ഗെയിം നിരോധിച്ചുവെന്ന വാര്‍ത്തകള്‍ വരെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
അതേസമയം അമിതമായ സ്മാര്‍ട്‌ഫോണ്‍ ഉപയോഗം എന്ന വസ്തുത പരിഗണിക്കാതെയാണ് വിദ്യാര്‍ത്ഥി സംഘടന പബ്ജി ഗെയിമിനെ മാത്രം പഴിചാരുന്നതെന്ന നിരീക്ഷണമുണ്ട്. അതുകൊണ്ടുതന്നെ പബ്ജി ഗെയിം നിരോധിക്കാന്‍ സംഘടന ചൂണ്ടിക്കാണിച്ച കാരണം ആവശ്യമായ പിന്‍ബലമില്ലാത്തതാണ്.

Comments are closed.